Thursday, March 1, 2012

Poems from Rith March 2012

ഇനിവരുമോ
ചെല്ലമ്മ അതിരമ്പുഴ
കൈവിട്ടുപോയവ
തിരികെയെത്തിടുമോ
കാരിരുമ്പാണി
ദ്രവിച്ചീടുമോ
കാതിനിമ്പംതരും
വാക്കുയര്‍ന്നീടുമോ
വെന്തുപോയതാംഭൂമി
തളിര്‍ത്തീടുമോ
കൊഞ്ചലുപൊങ്ങുമോ
പിഞ്ചിളം ചുണ്ടിലെ
പുഞ്ചിരി വീണ്ടും
പൊഴിഞ്ഞീടുമോ
അമ്മയെന്നാര്‍ത്തിയാല്‍
പേരുവിളിയ്ക്കണമോ
നെഞ്ചിലിളനീര്‍
തളിച്ചീടുമോ
ആനന്ദബാഷ്പം
അലയായ്‌പ്പൊങ്ങുമോ
വാടിയപൂക്കള്‍
വിടര്‍ന്നാടുമോ
അണ്ണാറക്കണ്ണനും
അടയ്ക്കാക്കിളികളും
തേന്‍നുകര്‍ന്നാനന്ദം
വെയ്ക്കിടുമോ

പെരും ചെണ്ട
ഹരിഹരന്‍ വെള്ളത്തൂവല്‍
ഡും....ഡും
കൊട്ടിക്കേറി വരുകയല്ലോ...
ഓര്‍മ്മയില്‍ കരിന്തിരി കത്തിച്ച്
ചൂടു വീശി ചുണ്ണാമ്പു ചോദിച്ച്..
ഇടി വെട്ടിയ ഇടവഴിയിലൂടെ..
കൊടുവാള്‍ വീശി ചോപ്പും കാണിച്ച്
ഡും ...ഡും..
കാവില്‍ക്കണ്ട കണ്ണും തുറിച്ച്
പേയിന്‍ പേച്ചായ് പെരുങ്കളിയാട്ടപ്പുളപ്പായ്
നെഞ്ചില്‍ ക്കൊണ്ട നേരൊലിയായ്
പെണ്ണൊരുത്തിയെന്നമ്മ....
ഡും...ഡും...
ഇതു കൊട്ടല്ലാ പാട്ടല്ല മക്കളെ..
കുത്തിനിറുത്താനും ചാരിനിറുത്താനും
കുത്തനും കോമനുമില്ലാതെ..
പാതിനിറുത്തിന്റെ പാണല്‍ക്കുറ്റിയും
പറിച്ചിട്ട വാഴത്തടയുമില്ലാതെ
വഴിച്ചാറ്റില്‍ വാക്കായ് പോകുമ്പോള്‍
ഡും...ഡും...
ഇടം കൊള്ളാനുമിള കൊള്ളാനും
തണ്ണീര്‍ ചോദിക്കാനും വെറ്റ്‌ല ചവയ്ക്കാനും
ഇടയകലം നോക്കി നീട്ടിത്തുപ്പാനും
ഒരിടവേള വേണമല്ലോ.......
ഡും...ഡും...
കോതനല്ലൂര്‍ തൃക്കോത മംഗലം..........
വായില്‍ തോന്നീത് കോതയ്ക്കു പാട്ടെന്നോ?
കോതയെന്നാല്‍ ശ്രീ വല്ലഭന്‍ കോത
അല്ലെങ്കില്‍ ഭാസ്‌കരരവിവര്‍മ്മന്‍ കോത
ആദിക്കോത ആരുമാവട്ടെ
കോതവാക്കു പൊരുമാളുത്തരവ്
തിരുത്തിക്കുറിക്ക തിരുത്തിക്കുറിക്ക
'തീന്‍വണ്ടപ്പെരും തൊണ്ണന്മാരെ'...
ഡും...ഡും...
തിരുവായ് തന്ന തീട്ടുരമെവിടെ?
തീണ്ടിത്തുലച്ച മറുവാക്കെവിടെ?
അഴിഞ്ഞ വാക്ക് മൊഴിഞ്ഞ വാക്ക്
ആദിച്ചന്‍ ചേരന്‍ അറിഞ്ഞുണര്‍ത്തിയ വാക്ക്
ആരിയമൊഴിയോ ആംഗല മൊഴിയോ
അങ്ങാടി മൊഴിയോ..... അമ്മിഞ്ഞ വാക്ക്
ഡും...ഡും...
കഞ്ഞിക്കലമുടഞ്ഞ കണ്ണീര്‍ കാട്ടാതെ
മൊഴിയും മിഴിയും തെറ്റി
വഴിയും ചുവടും തെറ്റി
അയ്യയ്യോ.... അമ്മ മലയാളം.....
മലയന്റെ തുടിയേ......
മലയിറങ്ങിയ വെയിലേ....
കടമ്പ കടന്ന് കാടു ചെത്തിപ്പൂവന്വേഷിച്ച്
എങ്ങു പോണെങ്ങു പോണ്
എന്നമ്മ പൊന്നു മലയാളം.......?
ഡും...ഡും...
ഏതിടം തേടി....
എവ്വഴി പോണ്
എന്നമ്മ.........
പൊന്നു മലയാളം......
ഡും...ഡും...
ചരിത്രഭൂമിക
ബാലഗോപാലന്‍ പേരൂര്‍
ഒരു മെഗാ ലിത്തിയന്‍
സൗന്ദര്യ സങ്കല്‍പ്പം തേടി
ചരിത്രം കുഴിച്ച് ചെന്നെത്തിയത്
ബി. സി. യില്‍
മനുഷ്യ മനസ്സിലേയ്‌ക്കെന്നൊരു
കടുകുമണിയെറിഞ്ഞ്
കാത്തിരിപ്പാണിന്നും
മുളച്ചുമോ? പൊട്ടിത്തെറിച്ചുവോ?
അങ്കലാപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍
ഒരു വെളുത്ത പക്ഷിയെ തിരയുന്നു.
അസ്വസ്ഥതയുടെ
അലമാലകള്‍ക്കു മീതെ
ഒരുമുഴം തോണി തുണഞ്ഞിട്ടു-
മണയുന്നില്ല തീരം.
ഇറങ്ങിപ്പോയ സ്‌നേഹത്തിന്റെയും
തിരിച്ചുവരാത്ത വിശ്വാസത്തിന്റെയും
നീര്‍ വറ്റിയ വാക്കിന്റെയും
കുഴിമാടങ്ങള്‍
ഇന്നിന്റെ ചരിത്രഭൂമികയില്‍

കാലത്തിന്റെ ഘടികാരം
വേണുഗോപാല്‍ കെ.എന്‍.
ഇടിമിന്നലില്‍ നിന്നു-
മഗ്നിയെ കൊളുത്തിയ
മണ്‍വിളക്കണയാതെ
ചുറ്റിലും നില്‍ക്കണം നാം
അണിചേരുക നാം സഹജരേ
മാറുന്ന ലോകത്തിന്റെ സൂചിക തിരിയുവാന്‍
ആദി മനുഷ്യരല്ല നാമുണര്‍വ്വിന്റെ
പാതകള്‍ പടവുകള്‍ ചവുട്ടി കയറിയോര്‍
ദുഷ്ടശക്തികളോടു മല്ലടിച്ചിരുളിന്റെ
വന്യമാം കാടുവെട്ടി തെളിച്ചുനടന്നവര്‍
വിണ്ടെരിഞ്ഞൊരീ മണ്ണിന്‍
സ്പന്ദനം നെഞ്ചേറ്റുന്ന
സര്‍ഗ്ഗചേതനയുടെ
ആയിരം ചരാതുകള്‍
അടിമത്തത്തിന്‍ ഭാരം
വലിച്ചു കിതപ്പവര്‍
ഉണര്‍ന്നു നോക്കൂ മുന്നില്‍
നവലോക പുലരികള്‍

ആശ്വാസം നിശ്വാസം
കുടമാളൂര്‍ സുലൈമാന്‍ ഹാജി
മഴവന്നേ മഴവന്നേ
മരമെല്ലാം തലചായ്‌ച്ചേ
മഴപെയ്‌തെ മഴപെയ്‌തേ
മഴവില്‍ പോയി മറഞ്ഞേ
മനതാരില്‍ കുളിര്‍ പാകി
മയിലാടി അകതാരില്‍
മണ്ണിന്റെ മക്കള്‍ക്ക്
മുകില്‍മാറി മാറീന്ന്
മണ്ണിന് തണുകിട്ടി
മണ്ണിന്റെ പുതു ചൂര്
മണ്ണില്‍ പുതു നാമ്പെങ്ങും
മണ്ണിന്റെ പുളകങ്ങള്‍
മറിയുന്നു ചാടുന്നു
മണ്ഡൂകം കുണ്ടുകളില്‍
മാക്രികള്‍ക്കെവിടുന്നീ
മഞ്ഞക്കുപ്പായങ്ങള്‍ ?
മരമൊന്നും വെട്ടല്ലേ
മഴദൈവം കോപിക്കും
മരമേറെ നട്ടീടാം
മാനം കനക്കട്ടെ
നിറയുന്നു ഡാമെല്ലാം
ഉണരുന്നു ഗ്രാമങ്ങള്‍
ഉരുളുന്നു ട്രാക്ടറുകള്‍
ഉറങ്ങാത്ത പണിശാല
കാളകളും പുഴചാടി
ഊളിയിട്ടൂത്തകള്‍
കിളികള്‍ തന്‍ കൂജനം
കളരവം തിന്താരോ...
ഭൂകമ്പമെമ്പാടും
ഭീതി പരത്തുന്നേ
മുല്ലപ്പെരിയാറി-
ന്നുറക്കം കെടുത്തുന്നേ
വെള്ളവും ജീവനും
വേണമിരു കൂട്ടര്‍ക്കും
വിഘ്‌നങ്ങള്‍ നീക്കണേ
വേഗം നീ ജഗദീശാ!

ഭാര്യ
പി. ദേവസ്യ അരമന
മൂടിപ്പുതച്ചു നടക്കെടീ ഭാര്യേ
ആപാദചൂഡം മറയ്‌ക്കെടി ഭാര്യേ
കരിമിഴികളൊട്ടും മറയ്‌ക്കേണ്ടടീ ഭാര്യേ
കൊത്തുന്ന പാമ്പും
കടിക്കുന്ന പട്ടിയും
കാണാതിരിക്കട്ടെ ഭാര്യേ
അയലത്തെ വീടിന്റെ
വേലിക്കല്‍ വിരിയുന്ന
സൂര്യകാന്തിപ്പൂവ്
എനിക്കൊട്ടുമിഷ്ടമേയല്ലെന്റെഭാര്യേ

മഹദ്‌വ്യക്തികള്‍ ആരുടെയും സ്വകാര്യസ്വത്തല്ല

മഹദ്‌വ്യക്തികള്‍ ആരുടെയും
സ്വകാര്യസ്വത്തല്ല

കാവ്യവേദി മിത്രം അപ്പു മുട്ടറ ചീഫ് എഡിറ്ററായി ചിദംബരം എന്ന പുതിയൊരു മാസിക തുടങ്ങിയിട്ടുണ്ട്. അതിന്റെ രണ്ടാം ലക്കത്തില്‍ മുട്ടറയുടെതന്നെ ഒരു ലേഖനമുണ്ട് പി. എം. ആന്റണിയെ അനുസ്മരിച്ചുകൊണ്ട്. ആരാണീ ആന്റണി ? ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകരചനയിലൂടെ ക്രൈസ്തവസഭാനേതൃത്വത്തിലെ ഒരു പ്രബലവിഭാഗത്തിന്റെ ഉറക്കം കെടുത്തിയ മനുഷ്യന്‍. അവര്‍ അവരുടെ മുഴുവന്‍ ശക്തിയും സംഭരിച്ച് ഈ നാടകകലാകാരനെ വേട്ടയാടി. പ്രബുദ്ധരായ ഒട്ടേറെ മലയാളികള്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി ആന്റണിക്കു പിന്തുണ നല്‍കി. നാടകം നിരോധിക്കപ്പെട്ടെങ്കിലും അതുയര്‍ത്തിയ പ്രശ്‌നം ഇന്നും സജീവമായി നിലനില്‍ക്കുന്നു: ക്രിസ്തുവിനെ പോലുള്ള മഹദ്‌വ്യക്തികള്‍ ആരുടെയെങ്കിലും സ്വകാര്യസ്വത്താണോ?
അടുത്ത കാലത്ത് അതിരമ്പുഴപ്പള്ളിയില്‍ നിന്നൊരു പ്രതിഷേധറാലി ഏറ്റുമാനൂര്‍ പട്ടണത്തിലൂടെ കടന്നുപോകുന്നതു കാണാനിടയായി. ജീപ്പില്‍ വച്ചുകെട്ടിയ മൈക്കിലൂടെ അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത് കര്‍ത്താവിന്റെ സ്ഥാനത്ത് സാത്താനെ വരച്ചുവച്ച് കമ്മ്യൂണിസ്റ്റുകാര്‍ കര്‍ത്താവിനെ അവഹേളിച്ചിരിക്കുന്നു എന്നാണ്. ഇതുകേട്ട് അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം നടന്നുനീങ്ങിയ കൊച്ചുകുട്ടികള്‍പോലും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, പോടാ പുല്ലേ പിണറായീ,... എന്നൊക്കെ.
നമ്മുടെയൊക്കെ മനസ്സുകളില്‍ മനുഷ്യത്വത്തിന്റെ നീരുറവയാകേണ്ടത് ഇന്നലെകളില്‍ ജീവിച്ച, യേശുവിനെപ്പോലുള്ള, വലിയ മനുഷ്യരുടെ ഓര്‍മ്മകളാണ്. എന്നാലത്തരം മനുഷ്യരെല്ലാം ക്രമേണ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പൂജാവിഗ്രഹമോ വിശുദ്ധരോ വാണിജ്യമുദ്രയോ ആയി ജഡീകരിക്കുന്നു. ക്രൈസ്തവമനസ്സുകളില്‍ യേശു എത്രമാത്രം ജഡീകരിച്ചിരിക്കുന്നു എന്നു കാണിക്കുന്നു മേല്‍ സൂചിപ്പിച്ച പ്രതിഷേധറാലി.
വിവാദചിത്രത്തില്‍ നടുക്ക് ഒബാമയും ഇരുവശത്തും നമ്മുടെ ചില രാഷ്ട്രീയ നേതാക്കളുമായിരുന്നല്ലോ യഥാര്‍ത്ഥത്തില്‍ ചിത്രീകരിക്കപ്പെട്ടിരുന്നത്. അതേക്കുറിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അങ്ങനെയൊരു ചിത്രം വരയ്ക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശം ആര്‍ക്കാണു ചോദ്യം ചെയ്യാനാവുക? ആശയപരമായ വിയോജിപ്പുള്ളവര്‍ പൊതുവേദികളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് അവരുടെ ഭാഗം വിശദീകരിക്കട്ടെ. തങ്ങള്‍ക്കു വിയോജിപ്പുള്ള കാര്യങ്ങള്‍ മറ്റാരും മിണ്ടിപ്പോകരുതെന്ന ഈ ധാര്‍ഷ്ട്യം നമ്മുടെ ജനാധിപത്യക്രമത്തെ എവിടെക്കൊണ്ടെത്തിക്കും?
ഇത്തരം സാംസ്‌കാരിക ജീര്‍ണ്ണതക്കു നേരെ കണ്ണടയ്ക്കാന്‍ നമുക്കാവില്ല. ക്രൈസ്തവസഭകള്‍ പൊതുവേ ഉയര്‍ത്തിപ്പിടിക്കുന്നതുപോലൊരു ആരാധനാമൂര്‍ത്തിയാണോ യേശുക്രിസ്തു? അല്ലെന്നു സ്ഥാപിക്കുന്നു അക്രൈസ്തവനായ യേശുവിനെ തേടി എന്ന പുസ്തകത്തില്‍ ഫാദര്‍ കാപ്പന്‍. നമ്മുടെ അടുത്ത വായനാദിവസം (18 മാര്‍ച്ച് 2012) ഈ പുസ്‌കത്തെ ആധാരമാക്കി ഒരു സെമിനാര്‍. എല്ലാവരും സഹകരിക്കുമല്ലോ.

Thursday, February 9, 2012

നാളാഗമം

കവിയരങ്ങ്
പ്രതിമാസ കവിയരങ്ങ് 1-1-2012 ഞായര്‍ 2 മണിക്ക് ആനന്ദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നാട്ടകം ഷാഹുല്‍ ഹമീദ് സ്വാഗതം ആശംസിച്ചു. കവികള്‍ തങ്ങളുടെ രചനകള്‍ അവതരിപ്പിച്ചു. ഋതം മാസിക ബാലഗോപാലന്‍ പേരൂര്‍ അവലോകനം ചെയ്തു. സെബാസ്റ്റ്യന്‍ വട്ടമറ്റം കവിതകളെ വിലയിരുത്തി. ബാലഗോപാലന്‍ പേരൂര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. നവാഗതരായ പ്രസന്നന്‍ ചമ്പക്കര, സിബിച്ചന്‍ പോള്‍, റോജിന്‍ പോള്‍ എന്നിവരെ പ്രത്യേകം നന്ദി അറിയിച്ചു.
വായന - പുസ്തക പ്രകാശനം
പ്രതിമാസ വായന 15-1-2012 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെയര്‍മാന്‍ പി. പി. നാരായണന്റെ അദ്ധ്യക്ഷതയില്‍ ആനന്ദ് ഓഡിറ്റോറിയത്തില്‍ നടന്നു. അതോടനുബന്ധിച്ച് ബീബിയുടെ മാതുക്കുട്ടിയും കൂട്ടരും എന്ന കഥാസമാഹാരം പ്രൊഫ. ജോസഫ് മറ്റം പ്രകാശനം ചെയ്തു. കേണല്‍ ജോസഫ് വെട്ടൂര്‍ പുസ്തകം സ്വീകരിച്ചും ഡോ. സ്‌കറിയ സക്കറിയ പുസ്തകം പരിചയപ്പെടുത്തിയും സംസാരിച്ചു. പ്രൊഫ. ബേബി സെബാസ്റ്റ്യന്‍, എന്‍. റ്റി. പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജെ. ആര്‍ കുറുപ്പ് പുസ്തകം വായിച്ചു നിരൂപണം നടത്തി. ഗ്രന്ഥ കാരന്‍ ബീബി(ബാബുക്കുട്ടി മാത്യു). മറുപടി പറഞ്ഞു. സുരേഷ് കുറുമുള്ളൂര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
വാര്‍ഷികപ്പതിപ്പിലേക്കു രചനകള്‍.
കവിത 32 വരികളിലും ലേഖനം 4 പേജിലും കൂടാന്‍ പാടില്ല. അടുത്ത കവിയരങ്ങിനു മുമ്പെങ്കിലും ലഭിച്ചിരിക്കണം.

സുകുമാര്‍ അഴീക്കോട് നിലച്ചുപോയ പ്രവാചകശബ്ദം Editorial Feb 2012

രണ്ടു ദൃശ്യങ്ങളാണ് അഴീക്കോടുമാഷ് മലയാളിമനസ്സില്‍ ആഴത്തില്‍ പതിപ്പിച്ചിട്ടുപോയത് - പ്രസംഗവേദികളില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന മാഷും എല്ലും തോലുമായി മരണക്കിടക്കയില്‍ കിടക്കുന്നമാഷും. ഈ രണ്ടു കാഴ്ചകളും തമ്മിലുള്ള അന്തരം മലയാളിമനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിക്കും. രണ്ടാമത്തെ ദയനീയമായ ദൃശ്യത്തില്‍ ആശ്വാസകരമായി ഭവിച്ചത് അദ്ദേഹവുമായി പല കാരണങ്ങളാല്‍ അകന്നു കഴിഞ്ഞിരുന്ന പലരുടെയും അനുരഞ്ജകമായ പുനഃസമാഗമമാണ്. അതിലൊന്നിലും ആര് ആരോടു ക്ഷമിച്ചു എന്നതൊക്കെ അപ്രസക്തമാണ്. കുറ്റവിചാരണയ്‌ക്കെല്ലാമപ്പുറത്തുള്ള, ആത്മീയമെന്നു വിശേഷിപ്പിക്കാവുന്ന, ഒരു തലത്തിലാണ് അഴീക്കോടിന്റെ കരങ്ങള്‍ അവരിലോരോരുത്തരെയും കടന്നുപിടിച്ചത്.
അഴീക്കോടിന്റെ വേര്‍പാടിനു ശേഷവും തുടര്‍ന്നേക്കാമായിരുന്ന വിവാദസാധ്യതകളെയാണ് ഈ അനുരഞ്ജനമുഹൂര്‍ത്തങ്ങള്‍ ഇല്ലാതാക്കിയത്. വിവാദങ്ങളിലഭിരമിക്കുന്ന ചില ക്ഷുദ്രമനസ്സുകളെ അതു വിഷമിപ്പിച്ചു എന്നു വേണം കരുതാന്‍. ആ ജനുസില്‍പ്പെട്ട ഒരാളുടെ പ്രതികരണം, തത്ത്വമസി എഴുതിയ അഴീക്കോട് മരണശയ്യയില്‍ കിടന്നിങ്ങനെ അഭിനയിക്കേണ്ടിയിരുന്നില്ല എന്നായിരുന്നല്ലോ. പൊതുരംഗത്തിന്നു നമ്മള്‍ സദാനേരവും കണ്ടുകൊണ്ടിരിക്കുന്നത് വെറും അഭിനയമാണ്. ഇപ്പോള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ഇ-മെയില്‍ വിവാദംതന്നെയെടുക്കാം. ഒരേ സമുദായത്തില്‍പ്പെട്ട 250-തില്‍പ്പരം കേരളമക്കളുടെ ഇ-മെയില്‍ കേരളാപോലീസ് രഹസ്യമായി പരിശോധിച്ചുകൊണ്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയോടു നമ്മുടെ മന്ത്രിമുഖ്യന്റെ ആദ്യപ്രതികരണമെന്തായിരുന്നു ? അതൊക്കെ പോലീസിന്റെ റുട്ടീന്‍ നടപടിയല്ലേ എന്ന്. ഏതു നേരവും നമ്മുടെയൊക്കെ സ്വകാര്യതയിലേക്കു കടന്നു കയറാനുള്ള പച്ചക്കൊടി കാണിക്കുന്ന ഈ മുഖ്യന്‍ ജനാധിപത്യവിശ്വാസിയായി അഭിനയിക്കയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? അധികാരകേന്ദ്രങ്ങളിലുള്ള ഇത്തരം കപടനാട്യങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ ശബ്ദിച്ച ആളാണ് അഴീക്കോടു മാഷ്. എന്നിട്ട് മരണക്കിടക്കയില്‍ക്കിടന്ന് അദ്ദേഹം അഭിനയിക്കയായിരുന്നുപോലും.
ബൈബിളില്‍ കാലാകാലങ്ങളില്‍ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കുന്ന പ്രവാചകരുടെ ഒരു പരമ്പരതന്നെയുണ്ട്. അതിലൊരാളായിരുന്നു തച്ചന്റെ മകന്‍ യേശു. കേരളക്കരയില്‍ അത്തരമൊരു പ്രവാചകശബ്ദമായിരുന്നു അഴീക്കോടിന്റേത്. അദ്ദേഹം പറഞ്ഞതൊക്കെ ശരിയായിരുന്നോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാം. എന്നാല്‍ തനിക്കു ശരിയെന്നുറപ്പുള്ള കാര്യങ്ങള്‍, ഭവിഷത്തുകള്‍ കാര്യമാക്കാതെ, ആ മനുഷ്യന്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അതാണദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.