രണ്ടു ദൃശ്യങ്ങളാണ് അഴീക്കോടുമാഷ് മലയാളിമനസ്സില്‍ ആഴത്തില്‍ പതിപ്പിച്ചിട്ടുപോയത് - പ്രസംഗവേദികളില്‍ നെഞ്ചുവിരിച്ചു നില്‍ക്കുന്ന മാഷും എല്ലും തോലുമായി മരണക്കിടക്കയില്‍ കിടക്കുന്നമാഷും. ഈ രണ്ടു കാഴ്ചകളും തമ്മിലുള്ള അന്തരം മലയാളിമനസ്സിനെ പൊള്ളിച്ചുകൊണ്ടേയിരിക്കും. രണ്ടാമത്തെ ദയനീയമായ ദൃശ്യത്തില്‍ ആശ്വാസകരമായി ഭവിച്ചത് അദ്ദേഹവുമായി പല കാരണങ്ങളാല്‍ അകന്നു കഴിഞ്ഞിരുന്ന പലരുടെയും അനുരഞ്ജകമായ പുനഃസമാഗമമാണ്. അതിലൊന്നിലും ആര് ആരോടു ക്ഷമിച്ചു എന്നതൊക്കെ അപ്രസക്തമാണ്. കുറ്റവിചാരണയ്‌ക്കെല്ലാമപ്പുറത്തുള്ള, ആത്മീയമെന്നു വിശേഷിപ്പിക്കാവുന്ന, ഒരു തലത്തിലാണ് അഴീക്കോടിന്റെ കരങ്ങള്‍ അവരിലോരോരുത്തരെയും കടന്നുപിടിച്ചത്.
അഴീക്കോടിന്റെ വേര്‍പാടിനു ശേഷവും തുടര്‍ന്നേക്കാമായിരുന്ന വിവാദസാധ്യതകളെയാണ് ഈ അനുരഞ്ജനമുഹൂര്‍ത്തങ്ങള്‍ ഇല്ലാതാക്കിയത്. വിവാദങ്ങളിലഭിരമിക്കുന്ന ചില ക്ഷുദ്രമനസ്സുകളെ അതു വിഷമിപ്പിച്ചു എന്നു വേണം കരുതാന്‍. ആ ജനുസില്‍പ്പെട്ട ഒരാളുടെ പ്രതികരണം, തത്ത്വമസി എഴുതിയ അഴീക്കോട് മരണശയ്യയില്‍ കിടന്നിങ്ങനെ അഭിനയിക്കേണ്ടിയിരുന്നില്ല എന്നായിരുന്നല്ലോ. പൊതുരംഗത്തിന്നു നമ്മള്‍ സദാനേരവും കണ്ടുകൊണ്ടിരിക്കുന്നത് വെറും അഭിനയമാണ്. ഇപ്പോള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ഇ-മെയില്‍ വിവാദംതന്നെയെടുക്കാം. ഒരേ സമുദായത്തില്‍പ്പെട്ട 250-തില്‍പ്പരം കേരളമക്കളുടെ ഇ-മെയില്‍ കേരളാപോലീസ് രഹസ്യമായി പരിശോധിച്ചുകൊണ്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയോടു നമ്മുടെ മന്ത്രിമുഖ്യന്റെ ആദ്യപ്രതികരണമെന്തായിരുന്നു ? അതൊക്കെ പോലീസിന്റെ റുട്ടീന്‍ നടപടിയല്ലേ എന്ന്. ഏതു നേരവും നമ്മുടെയൊക്കെ സ്വകാര്യതയിലേക്കു കടന്നു കയറാനുള്ള പച്ചക്കൊടി കാണിക്കുന്ന ഈ മുഖ്യന്‍ ജനാധിപത്യവിശ്വാസിയായി അഭിനയിക്കയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? അധികാരകേന്ദ്രങ്ങളിലുള്ള ഇത്തരം കപടനാട്യങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ ശബ്ദിച്ച ആളാണ് അഴീക്കോടു മാഷ്. എന്നിട്ട് മരണക്കിടക്കയില്‍ക്കിടന്ന് അദ്ദേഹം അഭിനയിക്കയായിരുന്നുപോലും.
ബൈബിളില്‍ കാലാകാലങ്ങളില്‍ രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദിക്കുന്ന പ്രവാചകരുടെ ഒരു പരമ്പരതന്നെയുണ്ട്. അതിലൊരാളായിരുന്നു തച്ചന്റെ മകന്‍ യേശു. കേരളക്കരയില്‍ അത്തരമൊരു പ്രവാചകശബ്ദമായിരുന്നു അഴീക്കോടിന്റേത്. അദ്ദേഹം പറഞ്ഞതൊക്കെ ശരിയായിരുന്നോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാം. എന്നാല്‍ തനിക്കു ശരിയെന്നുറപ്പുള്ള കാര്യങ്ങള്‍, ഭവിഷത്തുകള്‍ കാര്യമാക്കാതെ, ആ മനുഷ്യന്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അതാണദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
No comments:
Post a Comment