Thursday, March 1, 2012

Poems from Rith March 2012

ഇനിവരുമോ
ചെല്ലമ്മ അതിരമ്പുഴ
കൈവിട്ടുപോയവ
തിരികെയെത്തിടുമോ
കാരിരുമ്പാണി
ദ്രവിച്ചീടുമോ
കാതിനിമ്പംതരും
വാക്കുയര്‍ന്നീടുമോ
വെന്തുപോയതാംഭൂമി
തളിര്‍ത്തീടുമോ
കൊഞ്ചലുപൊങ്ങുമോ
പിഞ്ചിളം ചുണ്ടിലെ
പുഞ്ചിരി വീണ്ടും
പൊഴിഞ്ഞീടുമോ
അമ്മയെന്നാര്‍ത്തിയാല്‍
പേരുവിളിയ്ക്കണമോ
നെഞ്ചിലിളനീര്‍
തളിച്ചീടുമോ
ആനന്ദബാഷ്പം
അലയായ്‌പ്പൊങ്ങുമോ
വാടിയപൂക്കള്‍
വിടര്‍ന്നാടുമോ
അണ്ണാറക്കണ്ണനും
അടയ്ക്കാക്കിളികളും
തേന്‍നുകര്‍ന്നാനന്ദം
വെയ്ക്കിടുമോ

പെരും ചെണ്ട
ഹരിഹരന്‍ വെള്ളത്തൂവല്‍
ഡും....ഡും
കൊട്ടിക്കേറി വരുകയല്ലോ...
ഓര്‍മ്മയില്‍ കരിന്തിരി കത്തിച്ച്
ചൂടു വീശി ചുണ്ണാമ്പു ചോദിച്ച്..
ഇടി വെട്ടിയ ഇടവഴിയിലൂടെ..
കൊടുവാള്‍ വീശി ചോപ്പും കാണിച്ച്
ഡും ...ഡും..
കാവില്‍ക്കണ്ട കണ്ണും തുറിച്ച്
പേയിന്‍ പേച്ചായ് പെരുങ്കളിയാട്ടപ്പുളപ്പായ്
നെഞ്ചില്‍ ക്കൊണ്ട നേരൊലിയായ്
പെണ്ണൊരുത്തിയെന്നമ്മ....
ഡും...ഡും...
ഇതു കൊട്ടല്ലാ പാട്ടല്ല മക്കളെ..
കുത്തിനിറുത്താനും ചാരിനിറുത്താനും
കുത്തനും കോമനുമില്ലാതെ..
പാതിനിറുത്തിന്റെ പാണല്‍ക്കുറ്റിയും
പറിച്ചിട്ട വാഴത്തടയുമില്ലാതെ
വഴിച്ചാറ്റില്‍ വാക്കായ് പോകുമ്പോള്‍
ഡും...ഡും...
ഇടം കൊള്ളാനുമിള കൊള്ളാനും
തണ്ണീര്‍ ചോദിക്കാനും വെറ്റ്‌ല ചവയ്ക്കാനും
ഇടയകലം നോക്കി നീട്ടിത്തുപ്പാനും
ഒരിടവേള വേണമല്ലോ.......
ഡും...ഡും...
കോതനല്ലൂര്‍ തൃക്കോത മംഗലം..........
വായില്‍ തോന്നീത് കോതയ്ക്കു പാട്ടെന്നോ?
കോതയെന്നാല്‍ ശ്രീ വല്ലഭന്‍ കോത
അല്ലെങ്കില്‍ ഭാസ്‌കരരവിവര്‍മ്മന്‍ കോത
ആദിക്കോത ആരുമാവട്ടെ
കോതവാക്കു പൊരുമാളുത്തരവ്
തിരുത്തിക്കുറിക്ക തിരുത്തിക്കുറിക്ക
'തീന്‍വണ്ടപ്പെരും തൊണ്ണന്മാരെ'...
ഡും...ഡും...
തിരുവായ് തന്ന തീട്ടുരമെവിടെ?
തീണ്ടിത്തുലച്ച മറുവാക്കെവിടെ?
അഴിഞ്ഞ വാക്ക് മൊഴിഞ്ഞ വാക്ക്
ആദിച്ചന്‍ ചേരന്‍ അറിഞ്ഞുണര്‍ത്തിയ വാക്ക്
ആരിയമൊഴിയോ ആംഗല മൊഴിയോ
അങ്ങാടി മൊഴിയോ..... അമ്മിഞ്ഞ വാക്ക്
ഡും...ഡും...
കഞ്ഞിക്കലമുടഞ്ഞ കണ്ണീര്‍ കാട്ടാതെ
മൊഴിയും മിഴിയും തെറ്റി
വഴിയും ചുവടും തെറ്റി
അയ്യയ്യോ.... അമ്മ മലയാളം.....
മലയന്റെ തുടിയേ......
മലയിറങ്ങിയ വെയിലേ....
കടമ്പ കടന്ന് കാടു ചെത്തിപ്പൂവന്വേഷിച്ച്
എങ്ങു പോണെങ്ങു പോണ്
എന്നമ്മ പൊന്നു മലയാളം.......?
ഡും...ഡും...
ഏതിടം തേടി....
എവ്വഴി പോണ്
എന്നമ്മ.........
പൊന്നു മലയാളം......
ഡും...ഡും...
ചരിത്രഭൂമിക
ബാലഗോപാലന്‍ പേരൂര്‍
ഒരു മെഗാ ലിത്തിയന്‍
സൗന്ദര്യ സങ്കല്‍പ്പം തേടി
ചരിത്രം കുഴിച്ച് ചെന്നെത്തിയത്
ബി. സി. യില്‍
മനുഷ്യ മനസ്സിലേയ്‌ക്കെന്നൊരു
കടുകുമണിയെറിഞ്ഞ്
കാത്തിരിപ്പാണിന്നും
മുളച്ചുമോ? പൊട്ടിത്തെറിച്ചുവോ?
അങ്കലാപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍
ഒരു വെളുത്ത പക്ഷിയെ തിരയുന്നു.
അസ്വസ്ഥതയുടെ
അലമാലകള്‍ക്കു മീതെ
ഒരുമുഴം തോണി തുണഞ്ഞിട്ടു-
മണയുന്നില്ല തീരം.
ഇറങ്ങിപ്പോയ സ്‌നേഹത്തിന്റെയും
തിരിച്ചുവരാത്ത വിശ്വാസത്തിന്റെയും
നീര്‍ വറ്റിയ വാക്കിന്റെയും
കുഴിമാടങ്ങള്‍
ഇന്നിന്റെ ചരിത്രഭൂമികയില്‍

കാലത്തിന്റെ ഘടികാരം
വേണുഗോപാല്‍ കെ.എന്‍.
ഇടിമിന്നലില്‍ നിന്നു-
മഗ്നിയെ കൊളുത്തിയ
മണ്‍വിളക്കണയാതെ
ചുറ്റിലും നില്‍ക്കണം നാം
അണിചേരുക നാം സഹജരേ
മാറുന്ന ലോകത്തിന്റെ സൂചിക തിരിയുവാന്‍
ആദി മനുഷ്യരല്ല നാമുണര്‍വ്വിന്റെ
പാതകള്‍ പടവുകള്‍ ചവുട്ടി കയറിയോര്‍
ദുഷ്ടശക്തികളോടു മല്ലടിച്ചിരുളിന്റെ
വന്യമാം കാടുവെട്ടി തെളിച്ചുനടന്നവര്‍
വിണ്ടെരിഞ്ഞൊരീ മണ്ണിന്‍
സ്പന്ദനം നെഞ്ചേറ്റുന്ന
സര്‍ഗ്ഗചേതനയുടെ
ആയിരം ചരാതുകള്‍
അടിമത്തത്തിന്‍ ഭാരം
വലിച്ചു കിതപ്പവര്‍
ഉണര്‍ന്നു നോക്കൂ മുന്നില്‍
നവലോക പുലരികള്‍

ആശ്വാസം നിശ്വാസം
കുടമാളൂര്‍ സുലൈമാന്‍ ഹാജി
മഴവന്നേ മഴവന്നേ
മരമെല്ലാം തലചായ്‌ച്ചേ
മഴപെയ്‌തെ മഴപെയ്‌തേ
മഴവില്‍ പോയി മറഞ്ഞേ
മനതാരില്‍ കുളിര്‍ പാകി
മയിലാടി അകതാരില്‍
മണ്ണിന്റെ മക്കള്‍ക്ക്
മുകില്‍മാറി മാറീന്ന്
മണ്ണിന് തണുകിട്ടി
മണ്ണിന്റെ പുതു ചൂര്
മണ്ണില്‍ പുതു നാമ്പെങ്ങും
മണ്ണിന്റെ പുളകങ്ങള്‍
മറിയുന്നു ചാടുന്നു
മണ്ഡൂകം കുണ്ടുകളില്‍
മാക്രികള്‍ക്കെവിടുന്നീ
മഞ്ഞക്കുപ്പായങ്ങള്‍ ?
മരമൊന്നും വെട്ടല്ലേ
മഴദൈവം കോപിക്കും
മരമേറെ നട്ടീടാം
മാനം കനക്കട്ടെ
നിറയുന്നു ഡാമെല്ലാം
ഉണരുന്നു ഗ്രാമങ്ങള്‍
ഉരുളുന്നു ട്രാക്ടറുകള്‍
ഉറങ്ങാത്ത പണിശാല
കാളകളും പുഴചാടി
ഊളിയിട്ടൂത്തകള്‍
കിളികള്‍ തന്‍ കൂജനം
കളരവം തിന്താരോ...
ഭൂകമ്പമെമ്പാടും
ഭീതി പരത്തുന്നേ
മുല്ലപ്പെരിയാറി-
ന്നുറക്കം കെടുത്തുന്നേ
വെള്ളവും ജീവനും
വേണമിരു കൂട്ടര്‍ക്കും
വിഘ്‌നങ്ങള്‍ നീക്കണേ
വേഗം നീ ജഗദീശാ!

ഭാര്യ
പി. ദേവസ്യ അരമന
മൂടിപ്പുതച്ചു നടക്കെടീ ഭാര്യേ
ആപാദചൂഡം മറയ്‌ക്കെടി ഭാര്യേ
കരിമിഴികളൊട്ടും മറയ്‌ക്കേണ്ടടീ ഭാര്യേ
കൊത്തുന്ന പാമ്പും
കടിക്കുന്ന പട്ടിയും
കാണാതിരിക്കട്ടെ ഭാര്യേ
അയലത്തെ വീടിന്റെ
വേലിക്കല്‍ വിരിയുന്ന
സൂര്യകാന്തിപ്പൂവ്
എനിക്കൊട്ടുമിഷ്ടമേയല്ലെന്റെഭാര്യേ

മഹദ്‌വ്യക്തികള്‍ ആരുടെയും സ്വകാര്യസ്വത്തല്ല

മഹദ്‌വ്യക്തികള്‍ ആരുടെയും
സ്വകാര്യസ്വത്തല്ല

കാവ്യവേദി മിത്രം അപ്പു മുട്ടറ ചീഫ് എഡിറ്ററായി ചിദംബരം എന്ന പുതിയൊരു മാസിക തുടങ്ങിയിട്ടുണ്ട്. അതിന്റെ രണ്ടാം ലക്കത്തില്‍ മുട്ടറയുടെതന്നെ ഒരു ലേഖനമുണ്ട് പി. എം. ആന്റണിയെ അനുസ്മരിച്ചുകൊണ്ട്. ആരാണീ ആന്റണി ? ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകരചനയിലൂടെ ക്രൈസ്തവസഭാനേതൃത്വത്തിലെ ഒരു പ്രബലവിഭാഗത്തിന്റെ ഉറക്കം കെടുത്തിയ മനുഷ്യന്‍. അവര്‍ അവരുടെ മുഴുവന്‍ ശക്തിയും സംഭരിച്ച് ഈ നാടകകലാകാരനെ വേട്ടയാടി. പ്രബുദ്ധരായ ഒട്ടേറെ മലയാളികള്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി ആന്റണിക്കു പിന്തുണ നല്‍കി. നാടകം നിരോധിക്കപ്പെട്ടെങ്കിലും അതുയര്‍ത്തിയ പ്രശ്‌നം ഇന്നും സജീവമായി നിലനില്‍ക്കുന്നു: ക്രിസ്തുവിനെ പോലുള്ള മഹദ്‌വ്യക്തികള്‍ ആരുടെയെങ്കിലും സ്വകാര്യസ്വത്താണോ?
അടുത്ത കാലത്ത് അതിരമ്പുഴപ്പള്ളിയില്‍ നിന്നൊരു പ്രതിഷേധറാലി ഏറ്റുമാനൂര്‍ പട്ടണത്തിലൂടെ കടന്നുപോകുന്നതു കാണാനിടയായി. ജീപ്പില്‍ വച്ചുകെട്ടിയ മൈക്കിലൂടെ അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത് കര്‍ത്താവിന്റെ സ്ഥാനത്ത് സാത്താനെ വരച്ചുവച്ച് കമ്മ്യൂണിസ്റ്റുകാര്‍ കര്‍ത്താവിനെ അവഹേളിച്ചിരിക്കുന്നു എന്നാണ്. ഇതുകേട്ട് അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമൊപ്പം നടന്നുനീങ്ങിയ കൊച്ചുകുട്ടികള്‍പോലും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു, പോടാ പുല്ലേ പിണറായീ,... എന്നൊക്കെ.
നമ്മുടെയൊക്കെ മനസ്സുകളില്‍ മനുഷ്യത്വത്തിന്റെ നീരുറവയാകേണ്ടത് ഇന്നലെകളില്‍ ജീവിച്ച, യേശുവിനെപ്പോലുള്ള, വലിയ മനുഷ്യരുടെ ഓര്‍മ്മകളാണ്. എന്നാലത്തരം മനുഷ്യരെല്ലാം ക്രമേണ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ പൂജാവിഗ്രഹമോ വിശുദ്ധരോ വാണിജ്യമുദ്രയോ ആയി ജഡീകരിക്കുന്നു. ക്രൈസ്തവമനസ്സുകളില്‍ യേശു എത്രമാത്രം ജഡീകരിച്ചിരിക്കുന്നു എന്നു കാണിക്കുന്നു മേല്‍ സൂചിപ്പിച്ച പ്രതിഷേധറാലി.
വിവാദചിത്രത്തില്‍ നടുക്ക് ഒബാമയും ഇരുവശത്തും നമ്മുടെ ചില രാഷ്ട്രീയ നേതാക്കളുമായിരുന്നല്ലോ യഥാര്‍ത്ഥത്തില്‍ ചിത്രീകരിക്കപ്പെട്ടിരുന്നത്. അതേക്കുറിച്ച് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അങ്ങനെയൊരു ചിത്രം വരയ്ക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള അവകാശം ആര്‍ക്കാണു ചോദ്യം ചെയ്യാനാവുക? ആശയപരമായ വിയോജിപ്പുള്ളവര്‍ പൊതുവേദികളിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് അവരുടെ ഭാഗം വിശദീകരിക്കട്ടെ. തങ്ങള്‍ക്കു വിയോജിപ്പുള്ള കാര്യങ്ങള്‍ മറ്റാരും മിണ്ടിപ്പോകരുതെന്ന ഈ ധാര്‍ഷ്ട്യം നമ്മുടെ ജനാധിപത്യക്രമത്തെ എവിടെക്കൊണ്ടെത്തിക്കും?
ഇത്തരം സാംസ്‌കാരിക ജീര്‍ണ്ണതക്കു നേരെ കണ്ണടയ്ക്കാന്‍ നമുക്കാവില്ല. ക്രൈസ്തവസഭകള്‍ പൊതുവേ ഉയര്‍ത്തിപ്പിടിക്കുന്നതുപോലൊരു ആരാധനാമൂര്‍ത്തിയാണോ യേശുക്രിസ്തു? അല്ലെന്നു സ്ഥാപിക്കുന്നു അക്രൈസ്തവനായ യേശുവിനെ തേടി എന്ന പുസ്തകത്തില്‍ ഫാദര്‍ കാപ്പന്‍. നമ്മുടെ അടുത്ത വായനാദിവസം (18 മാര്‍ച്ച് 2012) ഈ പുസ്‌കത്തെ ആധാരമാക്കി ഒരു സെമിനാര്‍. എല്ലാവരും സഹകരിക്കുമല്ലോ.