ഇനിവരുമോ
ചെല്ലമ്മ അതിരമ്പുഴ
കൈവിട്ടുപോയവ
തിരികെയെത്തിടുമോ
കാരിരുമ്പാണി
ദ്രവിച്ചീടുമോ
കാതിനിമ്പംതരും
വാക്കുയര്‍ന്നീടുമോ
വെന്തുപോയതാംഭൂമി
തളിര്‍ത്തീടുമോ
കൊഞ്ചലുപൊങ്ങുമോ
പിഞ്ചിളം ചുണ്ടിലെ
പുഞ്ചിരി വീണ്ടും
പൊഴിഞ്ഞീടുമോ
അമ്മയെന്നാര്‍ത്തിയാല്‍
പേരുവിളിയ്ക്കണമോ
നെഞ്ചിലിളനീര്‍
തളിച്ചീടുമോ
ആനന്ദബാഷ്പം
അലയായ്‌പ്പൊങ്ങുമോ
വാടിയപൂക്കള്‍
വിടര്‍ന്നാടുമോ
അണ്ണാറക്കണ്ണനും
അടയ്ക്കാക്കിളികളും
തേന്‍നുകര്‍ന്നാനന്ദം
വെയ്ക്കിടുമോ
പെരും ചെണ്ട
ഹരിഹരന്‍ വെള്ളത്തൂവല്‍
ഡും....ഡും
കൊട്ടിക്കേറി വരുകയല്ലോ...
ഓര്‍മ്മയില്‍ കരിന്തിരി കത്തിച്ച്
ചൂടു വീശി ചുണ്ണാമ്പു ചോദിച്ച്..
ഇടി വെട്ടിയ ഇടവഴിയിലൂടെ..
കൊടുവാള്‍ വീശി ചോപ്പും കാണിച്ച്
ഡും ...ഡും..
കാവില്‍ക്കണ്ട കണ്ണും തുറിച്ച്
പേയിന്‍ പേച്ചായ് പെരുങ്കളിയാട്ടപ്പുളപ്പായ്
നെഞ്ചില്‍ ക്കൊണ്ട നേരൊലിയായ്
പെണ്ണൊരുത്തിയെന്നമ്മ....
ഡും...ഡും...
ഇതു കൊട്ടല്ലാ പാട്ടല്ല മക്കളെ..
കുത്തിനിറുത്താനും ചാരിനിറുത്താനും
കുത്തനും കോമനുമില്ലാതെ..
പാതിനിറുത്തിന്റെ പാണല്‍ക്കുറ്റിയും
പറിച്ചിട്ട വാഴത്തടയുമില്ലാതെ
വഴിച്ചാറ്റില്‍ വാക്കായ് പോകുമ്പോള്‍
ഡും...ഡും...
ഇടം കൊള്ളാനുമിള കൊള്ളാനും
തണ്ണീര്‍ ചോദിക്കാനും വെറ്റ്‌ല ചവയ്ക്കാനും
ഇടയകലം നോക്കി നീട്ടിത്തുപ്പാനും
ഒരിടവേള വേണമല്ലോ.......
ഡും...ഡും...
കോതനല്ലൂര്‍ തൃക്കോത മംഗലം..........
വായില്‍ തോന്നീത് കോതയ്ക്കു പാട്ടെന്നോ?
കോതയെന്നാല്‍ ശ്രീ വല്ലഭന്‍ കോത
അല്ലെങ്കില്‍ ഭാസ്‌കരരവിവര്‍മ്മന്‍ കോത
ആദിക്കോത ആരുമാവട്ടെ
കോതവാക്കു പൊരുമാളുത്തരവ്
തിരുത്തിക്കുറിക്ക തിരുത്തിക്കുറിക്ക
'തീന്‍വണ്ടപ്പെരും തൊണ്ണന്മാരെ'...
ഡും...ഡും...
തിരുവായ് തന്ന തീട്ടുരമെവിടെ?
തീണ്ടിത്തുലച്ച മറുവാക്കെവിടെ?
അഴിഞ്ഞ വാക്ക് മൊഴിഞ്ഞ വാക്ക്
ആദിച്ചന്‍ ചേരന്‍ അറിഞ്ഞുണര്‍ത്തിയ വാക്ക്
ആരിയമൊഴിയോ ആംഗല മൊഴിയോ
അങ്ങാടി മൊഴിയോ..... അമ്മിഞ്ഞ വാക്ക്
ഡും...ഡും...
കഞ്ഞിക്കലമുടഞ്ഞ കണ്ണീര്‍ കാട്ടാതെ
മൊഴിയും മിഴിയും തെറ്റി
വഴിയും ചുവടും തെറ്റി
അയ്യയ്യോ.... അമ്മ മലയാളം.....
മലയന്റെ തുടിയേ......
മലയിറങ്ങിയ വെയിലേ....
കടമ്പ കടന്ന് കാടു ചെത്തിപ്പൂവന്വേഷിച്ച്
എങ്ങു പോണെങ്ങു പോണ്
എന്നമ്മ പൊന്നു മലയാളം.......?
ഡും...ഡും...
ഏതിടം തേടി....
എവ്വഴി പോണ്
എന്നമ്മ.........
പൊന്നു മലയാളം......
ഡും...ഡും...
ചരിത്രഭൂമിക
ബാലഗോപാലന്‍ പേരൂര്‍
ഒരു മെഗാ ലിത്തിയന്‍
സൗന്ദര്യ സങ്കല്‍പ്പം തേടി
ചരിത്രം കുഴിച്ച് ചെന്നെത്തിയത്
ബി. സി. യില്‍
മനുഷ്യ മനസ്സിലേയ്‌ക്കെന്നൊരു
കടുകുമണിയെറിഞ്ഞ്
കാത്തിരിപ്പാണിന്നും
മുളച്ചുമോ? പൊട്ടിത്തെറിച്ചുവോ?
അങ്കലാപ്പിന്റെ ആരവങ്ങള്‍ക്കിടയില്‍
ഒരു വെളുത്ത പക്ഷിയെ തിരയുന്നു.
അസ്വസ്ഥതയുടെ
അലമാലകള്‍ക്കു മീതെ
ഒരുമുഴം തോണി തുണഞ്ഞിട്ടു-
മണയുന്നില്ല തീരം.
ഇറങ്ങിപ്പോയ സ്‌നേഹത്തിന്റെയും
തിരിച്ചുവരാത്ത വിശ്വാസത്തിന്റെയും
നീര്‍ വറ്റിയ വാക്കിന്റെയും
കുഴിമാടങ്ങള്‍
ഇന്നിന്റെ ചരിത്രഭൂമികയില്‍
കാലത്തിന്റെ ഘടികാരം
വേണുഗോപാല്‍ കെ.എന്‍.
ഇടിമിന്നലില്‍ നിന്നു-
മഗ്നിയെ കൊളുത്തിയ
മണ്‍വിളക്കണയാതെ
ചുറ്റിലും നില്‍ക്കണം നാം
അണിചേരുക നാം സഹജരേ
മാറുന്ന ലോകത്തിന്റെ സൂചിക തിരിയുവാന്‍
ആദി മനുഷ്യരല്ല നാമുണര്‍വ്വിന്റെ
പാതകള്‍ പടവുകള്‍ ചവുട്ടി കയറിയോര്‍
ദുഷ്ടശക്തികളോടു മല്ലടിച്ചിരുളിന്റെ
വന്യമാം കാടുവെട്ടി തെളിച്ചുനടന്നവര്‍
വിണ്ടെരിഞ്ഞൊരീ മണ്ണിന്‍
സ്പന്ദനം നെഞ്ചേറ്റുന്ന
സര്‍ഗ്ഗചേതനയുടെ
ആയിരം ചരാതുകള്‍
അടിമത്തത്തിന്‍ ഭാരം
വലിച്ചു കിതപ്പവര്‍
ഉണര്‍ന്നു നോക്കൂ മുന്നില്‍
നവലോക പുലരികള്‍
ആശ്വാസം നിശ്വാസം
കുടമാളൂര്‍ സുലൈമാന്‍ ഹാജി
മഴവന്നേ മഴവന്നേ
മരമെല്ലാം തലചായ്‌ച്ചേ
മഴപെയ്‌തെ മഴപെയ്‌തേ
മഴവില്‍ പോയി മറഞ്ഞേ
മനതാരില്‍ കുളിര്‍ പാകി
മയിലാടി അകതാരില്‍
മണ്ണിന്റെ മക്കള്‍ക്ക്
മുകില്‍മാറി മാറീന്ന്
മണ്ണിന് തണുകിട്ടി
മണ്ണിന്റെ പുതു ചൂര്
മണ്ണില്‍ പുതു നാമ്പെങ്ങും
മണ്ണിന്റെ പുളകങ്ങള്‍
മറിയുന്നു ചാടുന്നു
മണ്ഡൂകം കുണ്ടുകളില്‍
മാക്രികള്‍ക്കെവിടുന്നീ
മഞ്ഞക്കുപ്പായങ്ങള്‍ ?
മരമൊന്നും വെട്ടല്ലേ
മഴദൈവം കോപിക്കും
മരമേറെ നട്ടീടാം
മാനം കനക്കട്ടെ
നിറയുന്നു ഡാമെല്ലാം
ഉണരുന്നു ഗ്രാമങ്ങള്‍
ഉരുളുന്നു ട്രാക്ടറുകള്‍
ഉറങ്ങാത്ത പണിശാല
കാളകളും പുഴചാടി
ഊളിയിട്ടൂത്തകള്‍
കിളികള്‍ തന്‍ കൂജനം
കളരവം തിന്താരോ...
ഭൂകമ്പമെമ്പാടും
ഭീതി പരത്തുന്നേ
മുല്ലപ്പെരിയാറി-
ന്നുറക്കം കെടുത്തുന്നേ
വെള്ളവും ജീവനും
വേണമിരു കൂട്ടര്‍ക്കും
വിഘ്‌നങ്ങള്‍ നീക്കണേ
വേഗം നീ ജഗദീശാ!
ഭാര്യ
പി. ദേവസ്യ അരമന
മൂടിപ്പുതച്ചു നടക്കെടീ ഭാര്യേ
ആപാദചൂഡം മറയ്‌ക്കെടി ഭാര്യേ
കരിമിഴികളൊട്ടും മറയ്‌ക്കേണ്ടടീ ഭാര്യേ
കൊത്തുന്ന പാമ്പും
കടിക്കുന്ന പട്ടിയും
കാണാതിരിക്കട്ടെ ഭാര്യേ
അയലത്തെ വീടിന്റെ
വേലിക്കല്‍ വിരിയുന്ന
സൂര്യകാന്തിപ്പൂവ്
എനിക്കൊട്ടുമിഷ്ടമേയല്ലെന്റെഭാര്യേ
No comments:
Post a Comment